സദ്ഗുരു ശ്രീഅനിരുദ്ധന്റെ ഭാവവിശ്വത്തിൽ നിന്ന് - പാർവതീമാതാവിന്റെ നവദുർഗ്ഗാ സ്വരൂപങ്ങളെക്കുറിച്ചുള്ള പരിചയം – ഭാഗം 9
![]() |
സന്ദർഭം - സദ്‌ഗുരു ശ്രീ അനിരുദ്ധ ബാപുവിന്റെ ദൈനിക ‘പ്രത്യക്ഷ’യിൽ പ്രസിദ്ധീകരിച്ച 'തുളസിപത്രം' ഈ അഗ്രലേഖമാലയുടെ, അഗ്രലേഖ ക്രമാങ്കങ്ങൾ 1396 ഉം, 1397 ഉം. |
സദ്ഗുരു ശ്രീഅനിരുദ്ധ ബാപു തുളസിപത്രം - 1396 എന്ന മുഖപ്രസംഗത്തിൽ എഴുതുന്നു,
എല്ലാ സന്നിഹിതരുടെയും മുന്നിൽ വെച്ച് , ഏഴാമത്തെ നവദുർഗ്ഗയായ കാലരാത്രി, എട്ടാമത്തെ നവദുർഗ്ഗയായ മഹാഗൗരിയായി, രൂപമാറ്റം സംഭവിച്ചുകൊണ്ടിരുന്നു.....
വളരെ പതുക്കെ , വളരെ വളരെ പതുക്കെ .
ഇതുവരെ, ഒരു രൂപമാറ്റത്തിനും (Transformation), ഒരു നിമിഷം പോലും എടുത്തിട്ടുണ്ടായിരുന്നില്ല.
കൈലാസത്തിൽ കാലം നിലവിലില്ലാത്തതിനാൽ, ‘എത്ര സാവധാനത്തിൽ’ എന്നുള്ളത് ആർക്കും മനസ്സിലായില്ല. പക്ഷേ, അവിടെയുള്ള എല്ലാവരും തുടർച്ചയായി ഏതെങ്കിലും ഒരു നിത്യജപം ചെയ്തുകൊണ്ടിരുന്നതുകൊണ്ട്, തങ്ങളുടെ ജപത്തിൻ്റെ എത്രയോ ആവർത്തനങ്ങൾ കഴിഞ്ഞിട്ടും, ഈ രൂപമാറ്റം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഓരോരുത്തർക്കും പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞു.
അവിടെയുണ്ടായിരുന്ന എല്ലാവരിലുമുണ്ടായിരുന്ന ആകാംഷ, ഇപ്പോൾ വെപ്രാളമായി മാറാൻ തുടങ്ങി.
ക്രമേണ, ആ വെപ്രാളം മനസ്സിനെ അസ്ഥിരമാക്കാൻ തുടങ്ങി. - മഹർഷിമാർ മുതൽ ശിവഗണങ്ങൾ വരെ, എല്ലാവരുടെയും മനസ്സ് ആകാംഷയുടെ പരമാവധിയിലെത്തി, അതിനെ മറികടക്കുന്നതിന്റെ കാരണം,
പൂർണ്ണമായും അശാന്തവും, അസ്ഥിരവും ആയിരുന്നു.
എല്ലാ ബ്രഹ്മർഷിഗണങ്ങളും, ഈ പതുക്കെ പതുക്കെ നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയ കാരണം, കൂടുതൽ കൂടുതൽ ശാന്തരും, തന്മയത്വമുള്ളവരും, ലയിച്ചവരും, ആനന്ദിക്കുന്നവരുമായിക്കൊണ്ടിരുന്നു.
ഇത് മനസ്സിലാക്കിയ ഉടൻ തന്നെ, മറ്റെല്ലാവരുടെയും മനസ്സിലെ അശാന്തിയും, അസ്ഥിരതയും കൂടുതൽ വേഗത്തിൽ വർദ്ധിക്കാൻ തുടങ്ങി.
ഇങ്ങനെയുള്ള തൻ്റെ മക്കളുടെ അവസ്ഥ, ആദിമാതാവിന് നോക്കിനിൽക്കാൻ കഴിയുമോ ?
തീർച്ചയായും ഇല്ല.
ആദിമാതാ ശ്രീവിദ്യ, അവരെല്ലാവരെയും കൃപാപൂർവ്വം നോക്കിക്കൊണ്ട് സംസാരിക്കാൻ തുടങ്ങി, “ഹേ വത്സങ്ങളെ! നിങ്ങളുടെയെല്ലാം മനസ്സ് ഇപ്പോൾ പൂർണ്ണമായും ‘തർവ’ അവസ്ഥയിൽ എത്തിയിരിക്കുന്നു.

സാധാരണയായി മനുഷ്യൻ ‘‘തർവ’ അവസ്ഥയിലേക്ക് പോകുന്നത്, തൻ്റെ ഷഡ്-രിപുക്കളുടെ (ആറ് ശത്രുക്കൾ) അതിരറ്റ അവസ്ഥയിലേക്ക് പോകുമ്പോഴാണ്.
എന്നാൽ, നിങ്ങളെല്ലാവരും ‘‘തർവ’ അവസ്ഥയിലെത്തിയത്, കേവലം ‘അസതോ മാ സദ്ഗമയ' എന്ന ഒരേയൊരു കാരണത്തിനാണ്. അതായത്, പവിത്രമായ അസ്തിത്വത്തിൻ്റെയും, പവിത്രമായ പ്രവൃത്തിയുടെയും രഹസ്യവും കാരണവും മനസ്സിലാക്കാൻ.
അതും, യാതൊരുവിധ സ്വാർത്ഥതയ്ക്കും വേണ്ടിയല്ല, വെറും എട്ടാമത്തെ നവദുർഗ്ഗയായ മഹാഗൗരിയെ പൂർണ്ണമായി മനസ്സിലാക്കാൻ വേണ്ടി മാത്രം - പൂർണ്ണമായും സാത്വികമായ ആകാംഷ കാരണം.
ഹേ ശിവ-ഋഷി തുംബരു! ഈ രൂപമാറ്റം പൂർണ്ണമാകുന്നതുവരെ, നീ ഇതിൻ്റെ കഥ ഇവരോട് വിശദമായി പറയൂ.”
ആദിമാതാ ശ്രീവിദ്യയ്ക്ക് സാഷ്ടാംഗം പ്രണാമം ചെയ്ത്, ശിവ-ഋഷി തുംബരു കഥ പറയാൻ തുടങ്ങി, “ഹേ ആപ്തജനങ്ങളെ! ഈ പാർവ്വതി ഒരു തവണ, ഭൂമിയിലെയും അതിൻ്റെ ആകാശത്തിലെയും, ആ കാലഘട്ടത്തിലുണ്ടായിരുന്ന എല്ലാ അസുരീയ ശക്തികളെയും, അസുരീയ രൂപങ്ങളെയും, അസുരീയ ഗുണങ്ങളെയും പൂർണ്ണമായി
നശിപ്പിക്കാൻ തീരുമാനിച്ചപ്പോഴാണ്, ആദ്യമായി അവരുടെ ഈ ‘കാലരാത്രി’ സ്വരൂപം പ്രത്യക്ഷപ്പെട്ടത്.
പാർവ്വതി ഈ തീരുമാനം എടുത്തത് ഒരേയൊരു കാരണത്തിനാണ് - ആ സമയത്ത് ഭഗവാൻ പരമശിവൻ, ഘനപ്രാണ ഗണപതിയുടെ ജനനത്തിനുവേണ്ടി ഘോര തപസ്സിലായിരുന്നു.
പരമശിവൻ്റെ ഈ തപസ്സ് എത്രയും പെട്ടെന്ന് പൂർത്തിയാകേണ്ടത് അത്യാവശ്യമായിരുന്നു. എന്നാൽ, അസുരീയ പ്രകൃതക്കാർ ഇതിനെ എതിർത്തുകൊണ്ടിരുന്നു.
അതുകൊണ്ട്, ഈ പ്രപഞ്ചത്തിൻ്റെ ഘനപ്രാണന് ജന്മം നൽകുന്ന ഈ പ്രക്രിയയ്ക്ക് കേവലം പതിനായിരം വർഷങ്ങൾ മാത്രമാണ് അവശേഷിച്ചിരുന്നത്. അതിനാൽ, ഈ ഭക്തമാതാ അങ്ങനെയുളള കഠിനമായ തീരുമാനം എടുത്ത്, യുദ്ധം തുടങ്ങി. തൻ്റെ തീരുമാനം, അവർ മനുഷ്യരുടെ നൂറ് വർഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കി.
അതോടൊപ്പം, പരമശിവൻ്റെ തപസ്സും കേവലം മനുഷ്യരുടെ എട്ട് വർഷങ്ങൾക്കുള്ളിൽ വിജയകരമായി പൂർത്തിയായി. അതുകാരണം, ആദിമാതാവിന് ആവശ്യമുള്ള നിമിഷത്തിൽ, ശിവഗംഗാഗൗരിപുത്രൻ വിനായക ബ്രഹ്മണസ്പതി ‘ഗണപതി’യായി ജനിക്കാനുള്ള പൂർണ്ണമായ തയ്യാറെടുപ്പുകൾ നടന്നു.
പരമശിവൻ തപസ്സ് നിർത്തി കണ്ണുതുറന്നപ്പോൾ, അദ്ദേഹത്തിന് പാർവ്വതിയുടെ ഈ ഭീകരമായ രൂപം കണ്ടു. ‘തനിക്ക് വേണ്ടി മാത്രം തൻ്റെ പ്രിയപ്പെട്ട സഹധർമ്മിണി സ്വന്തം സൗന്ദര്യത്തെ ദൂരേക്ക് എറിഞ്ഞ്, ഈ ഭയാനകമായ രൂപം ധരിച്ചിരിക്കുന്നു’ എന്ന് മനസ്സിലാക്കിയപ്പോൾ, പരമശിവൻ അവരെ അതീവ സ്നേഹത്തോടെയും ആർദ്രതയോടെയും നോക്കി.
അതോടൊപ്പം, ഭർഗലോകത്തിൽ ഒഴുകുന്ന ഗംഗ (ഏഴാമത്തെ ഗംഗ), ഭഗവാൻ പരമശിവൻ്റെ രണ്ട് കണ്ണുകളിൽ നിന്നും പ്രവഹിച്ചു. പരമശിവൻ തൻ്റെ പ്രിയപ്പെട്ട ഭാര്യയെ, ആ ഏഴാമത്തെ ഗംഗയിലെ ജലം കൊണ്ട് അഭിഷേകം ചെയ്യാൻ തുടങ്ങി.
സ്വയം പരമശിവൻ തന്നെ, ആ ഏഴാമത്തെ ഗംഗയിലെ ജലത്തിൽ നിന്ന്, തുള്ളി തുള്ളിയായി ജലം എടുത്ത് പാർവ്വതിയുടെ ശരീരത്തിൽ ലേപനം ചെയ്യുകയായിരുന്നു.
ഇങ്ങനെയുള്ള വിചിത്രമായ അഭിഷേക സ്നാനവും, ലേപനവും
മനുഷ്യരുടെ 108 വർഷങ്ങൾ നീണ്ടുനിന്നു.
ആ നിമിഷത്തിൽ, പാർവ്വതിയുടെ ഈ എട്ടാമത്തെ നവദുർഗ്ഗ സ്വരൂപമായ ‘മഹാഗൗരി' വിളങ്ങിത്തുടങ്ങി
.”
ശിവ-ഋഷി തുംബരുവിൻ്റെ കഥ അവസാനിച്ചു. അതേ നിമിഷത്തിൽ എട്ടാമത്തെ നവദുർഗ്ഗയായ ‘മഹാഗൗരി’ തൻ്റെ പൂർണ്ണ വൈഭവത്തോടുകൂടി ദൃശ്യമായി.
ഇവർക്ക് നാല് കൈകളുണ്ടായിരുന്നു. ഇവരുടെ വലത് മുകളിലത്തെ കൈ, അഭയമുദ്രയിലായിരുന്നു, വലത് താഴത്തെ കൈ ത്രിശൂലം പിടിച്ചിരുന്നു. അവരുടെ ഇടത് മുകളിലത്തെ കൈയിൽ, ശാന്തവും പ്രശാന്തവുമായ ശബ്ദം പുറപ്പെടുവിക്കുന്ന ഡമരുവും, അവരുടെ ഇടത് താഴത്തെ കൈ വരദമുദ്രയിലുമായിരുന്നു.

ഈ മഹാഗൗരി അതീവ വെളുത്ത നിറമുള്ളവളായിരുന്നു.
അവരുടെ വസ്ത്രങ്ങളെല്ലാം ചന്ദ്രൻ്റെ നിറമായിരുന്നു. അവരുടെ ശരീരം മുഴുവൻ മുത്ത് കൊണ്ടുള്ള ആഭരണങ്ങളുണ്ടായിരുന്നു. കഴുത്തിൽ വെളുത്ത സുഗന്ധമുള്ള പൂമാലകളുണ്ടായിരുന്നു.
അവരുടെ നോട്ടം, പൂർണ്ണമായും വാത്സല്യം നിറഞ്ഞതും, ശാന്തവും, പ്രശാന്തവും, തൃപ്തി നൽകുന്നതുമായിരുന്നു.
ഇവർ കാളയുടെ മുകളിലാണ് ഇരുന്നിരുന്നത്.
ഈ കാളയും, പൂർണ്ണമായും വെളുത്ത നിറമുള്ളതും, അതീവ ശാന്ത സ്വഭാവമുള്ളതുമായിരുന്നു.
ഇവരുടെ നെറ്റിയിൽ, മൂന്നാമത്തെ കണ്ണുണ്ടായിരുന്നില്ല.
മഹാഗൗരിയുടെ കൺപോളകളിലെ മുടിയുടെ ചലനങ്ങളിൽ നിന്ന്, അതീവ സുഗന്ധവും, ശാന്തിയും നൽകുന്ന ഊർജ്ജപ്രവാഹം എല്ലായിടത്തും വ്യാപിച്ചു.
അവയുടെ സ്പർശമേറ്റ ഉടൻ അവിടെയുണ്ടായിരുന്ന ഓരോരുത്തരുടെയും ’തർവ’ ആയിരുന്ന മനസ്സ് പൂർണ്ണമായും ‘അതർവ’ ആയിക്കൊണ്ടിരുന്നു.
ബാപു തുടർന്ന് തുളസിപത്രം - 1397 എന്ന മുഖപ്രസംഗത്തിൽ എഴുതുന്നു,
ആദിമാതാ ശ്രീവിദ്യ, ബ്രഹ്മവാദിനി ലോപാമുദ്രയോട് മഹാഗൗരിയെ പൂജിക്കാൻ ആജ്ഞാപിച്ചു. അതനുസരിച്ച്, ലോപാമുദ്ര മറ്റ് എല്ലാ ബ്രഹ്മവാദിനിമാരോടൊപ്പം, സുഗന്ധമുള്ള വെളുത്ത പൂക്കളുപയോഗിച്ച് മഹാഗൗരിയെ പൂജിച്ചു.
മഹാഗൗരി, തനിക്ക് അർപ്പിക്കപ്പെട്ട എല്ലാ സുഗന്ധമുള്ള വെളുത്ത പൂക്കളും തൻ്റെ കൈകളിലെടുത്ത്, അവിടെയുണ്ടായിരുന്ന എല്ലാവരുടെയും മേൽ വർഷിച്ചു.
ആശ്ചര്യം എന്തെന്നാൽ, ഓരോരുത്തർക്കും ഒരൊറ്റ വെളുത്ത പൂവ് മാത്രമേ ലഭിച്ചുള്ളൂ. ഓരോരുത്തരുടെയും കൈയിലുള്ള ആ വെളുത്ത പൂവിന് എട്ട് ഇതളുകളുണ്ടായിരുന്നു.
അതിനുശേഷം, എട്ടാമത്തെ നവദുർഗ്ഗയായ മഹാഗൗരി, പല നിറങ്ങളിലുളള സുഗന്ധമുള്ള പൂക്കളുപയോഗിച്ച്, ആദിമാതാ ശ്രീവിദ്യയെയും, അനസൂയയെയും പൂജിച്ചു.
മഹാഗൗരി തൻ്റെ കൈയിലുള്ള പൂക്കൾ ആദിമാതാവിൻ്റെ പാദങ്ങളിൽ അർപ്പിച്ചപ്പോൾ, അവിടെയുണ്ടായിരുന്ന ഓരോരുത്തരുടെയും കൈയിലുള്ള ‘ആ’ വെളുത്ത പൂവ്, കൂടുതൽ തേജസ്സുള്ളതും, സന്തോഷം നൽകുന്നതുമായി കാണപ്പെട്ടു.
ആ അഷ്ടദളപുഷ്പം, ഓരോരുത്തരുടെയും ത്രിവിധ ശരീരങ്ങളിലും ശാന്തി, പ്രസന്നത, സ്ഥിരത, ധൈര്യം, ആഹ്ളാദം എന്നീ ഗുണങ്ങൾ പടർത്തുകയായിരുന്നു.
‘ആ’ അഷ്ടദളപുഷ്പം, തങ്ങളുടെ കൈയിൽ എന്നെന്നേക്കുമായി ഒട്ടിപ്പിടിച്ചിരിക്കുന്നുവെന്നും, ‘ആ’ പുഷ്പം തങ്ങളുടെ മനസ്സിനെ മുഴുവൻ കൂടുതൽ കൂടുതൽ സുന്ദരവും, ശക്തവുമാക്കുന്നുവെന്നും ഓരോരുത്തർക്കും മനസ്സിലാക്കാൻ കഴിഞ്ഞു.

ബ്രഹ്മവാദിനി ലോപാമുദ്ര, മഹാഗൗരിയുടെ ആജ്ഞ അനുസരിച്ച്, അവിടെയുണ്ടായിരുന്നവരെ നോക്കി സംസാരിക്കാൻ തുടങ്ങി, “ഹേ ഇവിടെ സന്നിഹിതരായ ആപ്തഗണങ്ങളെ! ഈ എട്ടാമത്തെ നവദുർഗ്ഗയായ മഹാഗൗരി, ശാoഭവിവിദ്യയുടെ പതിനഞ്ചും, പതിനാറും പടികളുടെ (ക്ലാസുകളുടെ) അധിഷ്ഠാത്രിയാണ്.
കൂടാതെ, നവരാത്രിയിലെ അഷ്ടമി തിഥിയിലെ പകലിൻ്റെയും, രാത്രിയുടെയും നായികയാണ്.
പരമശിവൻ, ഭർഗലോകത്തിലെ ഏഴാമത്തെ ഗംഗയിലെ ജലം ലേപനം ചെയ്തും, അഭിഷേകം ചെയ്തും ഈ ‘മഹാഗൗരി’ രൂപം നിർമ്മിച്ചു എന്ന കഥ നമ്മൾ കേട്ടല്ലോ.
പക്ഷേ, ഏഴാമത്തെ ഗംഗയുണ്ടെങ്കിൽ, പിന്നെ ശേഷിക്കുന്ന (ബാക്കിയുള്ള) ആറ് ഗംഗകൾ എവിടെയാണ്?
ഈ ചോദ്യം ഉണ്ടാകുന്നത് സ്വാഭാവികമാണ്.
പക്ഷേ ഇപ്പോൾ, ഇത്രമാത്രം മനസ്സിലാക്കുക, ഭൂമിയിൽ അവതരിച്ച ആ ആദ്യത്തെ ഗംഗയും, പിന്നീട് ഓരോ ലോകത്തിന്റെയും ഓരോ ഗംഗ വീതം ഉണ്ട്."
ബാക്കിയുള്ള ഈ ഗംഗയെക്കുറിച്ചുള്ള അറിവ്, ശാoഭവി വിദ്യയുടെ പതിനഞ്ചും, പതിനാറും പടികൾ (ക്ലാസുകൾ)
കടന്നശേഷം മാത്രമാണ് ലഭിക്കുക.
ഈ ഏഴാമത്തെ, അതായത്, ഭർഗലോകീയ ഗംഗ, ക്ഷീരസാഗരത്തിലെ ജലം കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇതുതന്നെയാണ് ‘അമൃതവാഹിനി’, ‘അമൃതവർഷിണി’, ‘ചന്ദ്രമധുപ്രസവിണി’ എന്നീ പേരുകളിൽ അറിയപ്പെടുന്നത്.
മഹാഗൗരിയും, ഭർഗലോകീയ ഏഴാമത്തെ ഗംഗയും, പരസ്പരം ഇരട്ട സഹോദരിമാരായി കണക്കാക്കപ്പെടുന്നു - കാരണം, അവർ രണ്ടുപേരുടെയും പ്രവർത്തനം ഒരേപോലെയാണ്.
ശാoഭവി വിദ്യയുടെ പതിനഞ്ചും, പതിനാറും പടികളിൽ ഉപാസകന്, തൻ്റെ ഗുരുവിന് മുന്നിലിരുന്ന്, ഗുരുവിൻ്റെ മാർഗ്ഗനിർദ്ദേശത്തിൽ ‘ശ്രീശാoഭവിമുദ്ര’ പഠിക്കേണ്ടതുണ്ട്, അതിനെ ദിവസവും ത്രികാല (ദിവസത്തിൽ മൂന്ന് തവണ) പരിശീലിക്കേണ്ടതുണ്ട്, അതിനെക്കുറിച്ച് അറിവ് നേടേണ്ടതുണ്ട്.
ഇതെല്ലാം സാധ്യമാക്കുന്നത്, എട്ടാമത്തെ നവദുർഗ്ഗയായ മഹാഗൗരിയാണ്.
നോക്കൂ! നമ്മൾ ആദ്യം മുതൽക്കേ കണ്ടുകൊണ്ടിരിക്കുന്നു, മഹാഗൗരിക്ക് നെറ്റിയിൽ മൂന്നാമത്തെ കണ്ണില്ല. അവിടെ കുങ്കുമത്തിലകമാണ്.
പക്ഷേ ഇത് സത്യമല്ല.
മഹാഗൗരിക്കും മൂന്നാമത്തെ കണ്ണുണ്ട്.
പക്ഷേ, നമ്മളിൽ ആർക്കും അത് കാണാൻ കഴിയില്ല.
മഹർഷിമാർക്കും, ബ്രഹ്മവാദിനിമാർക്കും പോലും.
എന്താണ് ഇതിനു കാരണം?
അതാണ് ശ്രീശാoഭവി മുദ്രയുടെ രഹസ്യം. ഈ മുദ്ര ചെയ്യുമ്പോൾ, ഉപാസകൻ തൻ്റെ ഗുരുവിൻ്റെ ആജ്ഞ അനുസരിച്ച്, സുഖാസനത്തിൽ ഇരിക്കണം. രണ്ട് കണ്ണുകളും പൂർണ്ണമായി അടച്ചശേഷം, ആ അടഞ്ഞ കൺപോളകൾക്ക് പിന്നിലുള്ള കണ്ണുകൾ, സ്വന്തം ആജ്ഞാചക്രത്തിൻ്റെ സ്ഥാനത്ത്, അതായത് മൂന്നാമത്തെ കണ്ണിന്റെ സ്ഥാനത്ത്, സാവധാനം കേന്ദ്രീകരിക്കേണ്ടതാണ്.
ഈ ക്രിയ എത്രനേരം ചെയ്യണം, എങ്ങനെ ചെയ്യണം, ആ സമയത്ത് മന്ത്രം പറയണമോ, ഏത് മന്ത്രം പറയണം, എപ്പോൾ മനസ്സിനെ ശാന്തമായി വെക്കണം, എപ്പോൾ മനസ്സിനെ ആ ആജ്ഞാചക്രവുമായി ബന്ധിപ്പിച്ച് നിർത്തണം, എങ്ങനെ നിർത്തണം, എന്നിങ്ങനെ എല്ലാം സദ്ഗുരു ഓരോ ഉപാസകനും, ബ്രാഹ്മമുഹൂർത്തത്തിൽ ഒരു പവിത്രനദിയുടെ തീരത്തുവെച്ച് പഠിപ്പിക്കുന്നു.”
ബ്രഹ്മവാദിനി ലോപാമുദ്ര ചെയ്ത ഈ ശ്രീശാoഭവി മുദ്രയുടെ വർണ്ണന കേട്ട്, മഹർഷിമാർ മുതൽ ശിവഗണങ്ങൾ വരെ എല്ലാവരും വളരെ സന്തോഷിച്ചു. ഓരോരുത്തരുടെയും മനസ്സിൽ ‘നമുക്കും ഇത് ലഭിക്കണം’ എന്ന ആഗ്രഹം ഉണ്ടായി.
അങ്ങനെ ഒരു ആഗ്രഹം അവരുടെ മനസ്സിൽ ഉണ്ടായപ്പോൾ, ബ്രഹ്മവാദിനി ലോപാമുദ്ര പറഞ്ഞു, “വെറുതെ സാഹസങ്ങൾ ചെയ്യരുത്. എൻ്റെയോ, ആരുടെയെങ്കിലുമോ വിവരണം കേട്ട് ഉടൻ തന്നെ ശ്രമിക്കരുത്.
കാരണം, ഈ ശ്രീശാoഭവി മുദ്ര, ശ്രീശാoഭവി വിദ്യയുടെ പതിനഞ്ചും പതിനാറും പടികളിൽ മാത്രമാണ് ലഭിക്കുന്നത്, അത് ചെയ്യാൻ കഴിയുന്നതും അപ്പോഴാണ്.
ഈ ശ്രീശാoഭവി മുദ്ര, ശിവ-ശക്തികളുടെ ഏകത്വം, ഏകസ്വരൂപം, നിരന്തരമായ സാമീപ്യം, ‘വേർതിരിവുകളുണ്ടായിട്ടും അഭേദം’ എന്നീ വിചിത്ര സ്വരൂപങ്ങളെയും, അതിനു പിന്നിലുളള രഹസ്യത്തെയും വെളിപ്പെടുത്തുന്നതാണ്.
‘ആദിമാതാവിനെയും, അവരുടെ ‘ആദിപിതാ’ സ്വരൂപത്തെയും മനസ്സിലാക്കുകയും, അവരുടേതായി മാറുകയും ചെയ്യുക’ എന്നത് മാത്രമാണ് ഈ പടികളുടെ(ക്ലാസുകളുടെ) ഒരേയൊരു ലക്ഷ്യം.
കൂടാതെ, ഇവിടെ സന്നിഹിതരായ ആപ്തഗണങ്ങളെ! ഇത്രയും വലിയ അറിവ് നൽകുന്ന ഈ മഹാഗൗരി, സാധാരണ ഭക്തർക്ക് അവരുടെ നിലവാരത്തിനനുസരിച്ച്, കൂടുതൽ മനശ്ശാന്തി, ശക്തി, ചിത്തസ്ഥിരത, ആധ്യാത്മിക പുരോഗതി എന്നിവ നൽകിക്കൊണ്ടേയിരിക്കും.

Comments
Post a Comment