അത്രി മഹർഷിയുടെ ദിവ്യലീലയും, സ്വയംഭൂ മൂലാർക്ക ഗണപതിയുടെ പ്രത്യക്ഷപ്പെടലിന്റെ കഥയും. നിരീക്ഷണ ശക്തിയുടെ പ്രാധാന്യം
സദ്ഗുരു ശ്രീ അനിരുദ്ധ്, തുളസീപത്രം 695 എന്ന ലേഖനത്തിൽ, മനുഷ്യന്റെ ജീവിതത്തിലെ 10 കാലങ്ങളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.
ഇവയിൽ ഒൻപതാം കാലത്തെക്കുറിച്ചുള്ള വിശദീകരണം, തുളസീപത്രം 702 എന്ന ലേഖനത്തിൽ തുടങ്ങുന്നു. ഈ കാലഘട്ടത്തെക്കുറിച്ചുള്ള ലേഖനങ്ങളിൽ, കിരാതരുദ്രൻ - കിരാത കാലത്തെക്കുറിച്ച് വിശദീകരിക്കുമ്പോൾ, സദ്ഗുരു ശ്രീ അനിരുദ്ധ്, മൂലാർക്ക ഗണപതിയുടെയും, നവദുർഗ്ഗകളുടെയും പ്രാധാന്യം പറഞ്ഞിട്ടുണ്ട്.
സദ്ഗുരു ശ്രീ അനിരുദ്ധ് ബാപു തുളസീപത്രം-1377 എന്ന ലേഖനത്തിൽ എഴുതുന്നു
സത്യയുഗത്തിന് നാല് ഘട്ടങ്ങളുണ്ട്, ആ നാല് ഘട്ടങ്ങൾക്കും ഒരേ സമയ ദൈർഘ്യമാണ്.
സത്യയുഗത്തിന്റെ ആദ്യ ഘട്ടം അവസാനിക്കാറായപ്പോൾ, ദേവർഷി നാരദൻ എല്ലാ ബ്രഹ്മർഷിമാരുടെയും ഒരു സമിതി വിളിച്ചുകൂട്ടി , 'അടുത്ത ഘട്ടത്തിൽ എന്താണ് ചെയ്യേണ്ടത്' എന്നതിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു. അവരുടെ സഭയിൽ ചില തീരുമാനങ്ങൾ എടുത്ത ശേഷം, അവരെല്ലാവരും ചേർന്ന് ദേവർഷി നാരദന്റെ കൂടെ അത്രിമഹർഷിയെ കാണാൻ പോയി.
ആ സമയത്ത്, അത്രിമഹർഷി ശാന്തമായി നൈമിഷാരണ്യം ഉണ്ടാക്കുന്നതിൽ മുഴുകിയിരിക്കുകയായിരുന്നു. ദേവർഷി നാരദനെയും, മറ്റ് ബ്രഹ്മർഷിമാരെയും കണ്ടപ്പോൾ, അത്രിമഹർഷി തന്റെ എപ്പോഴും ശാന്തവും, സ്ഥിരവും, ഗംഭീരവുമായ സ്വഭാവം അനുസരിച്ച് അവരോടെല്ലാം ചോദിച്ചു, “ഓ പ്രിയപ്പെട്ടവരേ! നിങ്ങൾ വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തിനാണ് വന്നതെന്ന് നിങ്ങളുടെ മുഖത്ത് നിന്ന് വ്യക്തമാകുന്നു. നിങ്ങൾ എല്ലാവരും മനുഷ്യന്റെ ക്ഷേമത്തിനായി എല്ലാ സ്ഥലങ്ങളിലും സഞ്ചരിക്കുന്നു എന്ന് എനിക്കറിയാം. നിങ്ങളിൽ സ്വാർത്ഥതയുടെ ഒരംശം പോലും ഇല്ലെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്, അതിനാൽ മനുഷ്യന്റെ ക്ഷേമത്തെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങൾ ചോദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഞാൻ നിങ്ങൾക്ക് അനുമതി നൽകുന്നു.
പക്ഷേ ഞാൻ ഇപ്പോൾ ഈ പവിത്രമായ നൈമിഷാരണ്യം ഉണ്ടാക്കുന്നതിൽ മുഴുകിയിരിക്കുകയാണ്. ഈ സ്ഥലത്തെ, ശംബല നഗരവുമായി ബന്ധിപ്പിക്കുന്നതിലും, ഞാൻ വ്യാപൃതനാണ്. അതിനാൽ, ഞാൻ ആരുടെയും ചോദ്യങ്ങൾക്ക് വാക്കാലോ, അല്ലെങ്കിൽ എഴുതിയോ ഉത്തരം നൽകില്ലെന്ന് ഒരു പ്രതിജ്ഞ എടുത്തിട്ടുണ്ട്.
അതുകൊണ്ട്, ഓ പ്രിയപ്പെട്ടവരേ! ഞാൻ നിങ്ങളെ എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. നിങ്ങൾക്ക് എന്നോട് എപ്പോൾ വേണമെങ്കിലും എത്ര ചോദ്യങ്ങൾ വേണമെങ്കിലും ചോദിക്കാം, പക്ഷേ അവയ്ക്കുള്ള ഉത്തരങ്ങൾ ഞാൻ എന്റെ പ്രവൃത്തികളിലൂടെ മാത്രമേ നൽകുകയുള്ളൂ”.
അത്രിമഹർഷിയുടെ ഈ വാക്കുകൾ കേട്ടപ്പോൾ, ദേവർഷി നാരദനും, മറ്റ് എല്ലാ ബ്രഹ്മർഷിമാർക്കും തങ്ങളുടെ ചോദ്യങ്ങൾ ഈ ആദിപിതാവായ ഭഗവാൻ അത്രിക്ക് മുൻപേ മനസ്സിലായിട്ടുണ്ടെന്ന് തോന്നി.
കാരണം, അവർക്കെല്ലാം ഒരു ചോദ്യം മാത്രമാണ് ഉണ്ടായിരുന്നത് - 'ഈ കല്പത്തിലെ സത്യയുഗത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ, മനുഷ്യൻ പ്രവർത്തനപരമായ കാര്യങ്ങളിൽ ഇത്രയധികം ദുർബലനായിപ്പോയെങ്കിൽ, പിന്നെ ത്രേതായുഗത്തിലും, ദ്വാപരയുഗത്തിലും എന്തായിരിക്കും സ്ഥിതി ?'.
'കൂടാതെ ഇതിനുവേണ്ടി ഞങ്ങൾ എന്തു ചെയ്യണം?'.
അവരെല്ലാവരും ഭഗവാൻ അത്രിയുടെ ആശ്രമത്തിൽ തന്നെ താമസിക്കാൻ തുടങ്ങി. പക്ഷേ ആദിമാത അനസൂയ അവിടെ ഉണ്ടായിരുന്നില്ല. അവർ അത്രിമഹർഷിയുടെ ഗുരുകുലം നോക്കിക്കൊണ്ട് എല്ലാ ഋഷിപത്നിമാർക്കും വിവിധ വിഷയങ്ങളും, രീതികളും പറഞ്ഞുകൊടുക്കുകയായിരുന്നു . ആ ആശ്രമം നൈമിഷാരണ്യത്തിൽ നിന്ന് വളരെ ദൂരത്തായിരുന്നു.
വൈകുന്നേരം വരെ അത്രിമഹർഷി വിറകുകൾ ശേഖരിച്ച് നടന്നുകൊണ്ടേയിരുന്നു.ഓരോ വിറകും, അദ്ദേഹം വളരെ സൂക്ഷ്മമായി പരിശോധിച്ചാണ് തിരഞ്ഞെടുത്തിരുന്നത്. എല്ലാ ബ്രഹ്മർഷിമാരും വീണ്ടും വീണ്ടും അത്രിമഹർഷിയോട് അപേക്ഷിച്ചു, “ഹേ ഭഗവൻ! ഈ ജോലി ഞങ്ങൾ ചെയ്യാം”. എന്നാൽ ഭഗവാൻ അത്രി തലയാട്ടിക്കൊണ്ട് 'വേണ്ട' എന്ന് പറഞ്ഞു.
സൂര്യാസ്തമയത്തിനു ശേഷം, അത്രിമഹർഷി എല്ലാവരുമായി ആശ്രമത്തിലേക്ക് മടങ്ങി. അതിനുശേഷം ഭക്ഷണം കഴിഞ്ഞിട്ട്, അത്രിമഹർഷി സ്വയം വിറകുകളെ പലതായി തരംതിരിക്കാൻ തുടങ്ങി - മരത്തിനനുസരിച്ച്, നീളത്തിനനുസരിച്ച്, നനവനുസരിച്ച്, ഗന്ധത്തിനനുസരിച്ച്. ഇപ്രകാരം, എല്ലാ വിറകുകളെയും നന്നായി വർഗ്ഗീകരിച്ച്, അദ്ദേഹം വിവിധ വിറകുകളുടെ ചെറിയ കെട്ടുകൾ, വിവിധ പാത്രങ്ങളിൽ വെച്ചു.
ഇപ്പോൾ, അവർക്കെല്ലാം അത്രിമഹർഷി വിശ്രമിക്കുമെന്ന് തോന്നി. എന്നാൽ ഉടൻ തന്നെ അത്രിമഹർഷി പലാശ വൃക്ഷത്തിന്റെ ഇലകൾ എടുത്ത് അവകൊണ്ട് പത്രവളിയും (ഇലകൾ കൊണ്ട് ഉണ്ടാക്കിയ പാത്രം) ദോണകളും ഉണ്ടാക്കാൻ തുടങ്ങി. ഈ സമയത്തും എല്ലാവരുടെയും അപേക്ഷ നിരസിച്ച് അത്രിമഹർഷി ഒറ്റയ്ക്ക് പത്രവളിയും ദോണകളും ഉണ്ടാക്കാൻ തുടങ്ങി.
വളരെ കൃത്യതയോടെ അദ്ദേഹം ഇലകൾ തിരഞ്ഞെടുക്കുകയായിരുന്നു. അതിമനോഹരമായ അരികുകളുള്ള പത്രവളിയും ദോണകളും അദ്ദേഹം ഉണ്ടാക്കി.
ദേവർഷി നാരദൻ എല്ലാ ബ്രഹ്മർഷിമാർക്കും കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു - 'നോക്കൂ! ഒരു ഇലയിൽ പോലും ഒരു ചെറിയ ദ്വാരമില്ല, അല്ലെങ്കിൽ ഒരു ഇല പോലും അല്പം പോലും മുറിഞ്ഞിട്ടില്ല'.
പത്രവളിയും ദോണകളും ഉണ്ടാക്കിക്കഴിഞ്ഞപ്പോൾ, ആ സാധനങ്ങളെല്ലാം അത്രിമഹർഷി ഒരു ഒഴിഞ്ഞ തട്ടിൽ വെച്ച്, ആ ബ്രഹ്മർഷിമാരോട് പറഞ്ഞു, “നിങ്ങളുടെ മനസ്സിൽ എന്നെ സഹായിക്കാനുള്ള ആഗ്രഹമുണ്ടല്ലോ ! അങ്ങനെയെങ്കിൽ, നാളെ ഈ പുതിയ പലാശ ഇലകളുടെ പച്ച പത്രവളിയും ദോണകളും വെയിലത്ത് ഉണക്കുന്ന ജോലി ചെയ്യുക”. ഇത്രയും പറഞ്ഞിട്ട് ഭഗവാൻ അത്രിമഹർഷി തന്റെ ധ്യാനത്തിനായി ധ്യാനകുടിയിലേക്ക് പോയി.
അടുത്ത ദിവസം, എല്ലാ ബ്രഹ്മർഷിമാരും പതിവുപോലെ ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ്, തങ്ങളുടെ സാധനകൾ പൂർത്തിയാക്കിയ ശേഷം, സൂര്യോദയം മുതൽ അവരുടെ ജോലിയിൽ മുഴുകി. ഓരോ ബ്രഹ്മർഷിയും വളരെ ശ്രദ്ധയോടെ അവരുടെ ജോലി ചെയ്യുകയായിരുന്നു. സൂര്യാസ്തമയത്തിനു ശേഷം, ആ പത്രവളികളും ദോണകളും എല്ലാം നന്നായി ഉണങ്ങിയിരുന്നു, അവയിൽ വെള്ളത്തിന്റെ അംശം പോലും ഉണ്ടായിരുന്നില്ല.
സൂര്യാസ്തമയ സമയത്ത് അത്രിമഹർഷി ആശ്രമത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ, എല്ലാ ബ്രഹ്മർഷിമാരും, ചെറിയ കുട്ടികളെപ്പോലെ സന്തോഷത്തോടെ, ആ പത്രവളികളും ദോണകളും എങ്ങനെ നന്നായി ഉണങ്ങിയെന്ന് അത്രിമഹർഷിയെ കാണിച്ചു.
അത്രിമഹർഷി അവരുടെ പ്രയത്നത്തെ പ്രശംസിച്ചു. എന്നിട്ട് ചോദിച്ചു, “ഇവയിൽ ഉച്ചവരെ ഉണങ്ങിയ പത്രവളികളും ദോണകളും ഏതാണ്? ഉച്ചയ്ക്കും വൈകുന്നേരത്തിനും ഇടയിൽ ഉണങ്ങിയവ ഏതാണ്? സൂര്യാസ്തമയം വരെ ഉണങ്ങാൻ സമയമെടുത്തവ ഏതാണ്?”.
ഇപ്പോൾ എല്ലാ ബ്രഹ്മർഷിമാരും ആശയക്കുഴപ്പത്തിലായി. അവർ ഇങ്ങനെയൊരു നിരീക്ഷണം നടത്തിയിരുന്നില്ല. ആധ്യാത്മിക അധികാരം ഉപയോഗിച്ച് ഈ കാര്യം ഭഗവാൻ അത്രിയുടെ മുൻപിൽ അറിയുന്നത് തെറ്റായിരിക്കും.
അതുകൊണ്ട് എല്ലാ ബ്രഹ്മർഷിമാരും ലജ്ജയോടെ തങ്ങളുടെ തെറ്റ് സമ്മതിച്ചു.
അപ്പോൾ അത്രിമഹർഷി ചോദിച്ചു, “പക്ഷേ ഇത് എങ്ങനെ സംഭവിച്ചു? ഈ പ്രക്രിയയുടെ പ്രാധാന്യം നിങ്ങൾക്ക് നന്നായി അറിയാമല്ലോ”.
ആരുടെ അടുത്തും ഇതിന് ഉത്തരമില്ലായിരുന്നു.
ബാപു തുടർന്ന് തുളസീപത്രം -1378-ൽ എഴുതുന്നു,
മനസ്സിൽ ലജ്ജിച്ച ആ ബ്രഹ്മർഷിമാരെയെല്ലാം വളരെ വിനയത്തോടെ നോക്കി അത്രിമഹർഷി പറഞ്ഞു, “പുത്രന്മാരേ! കുറ്റബോധം ഉപേക്ഷിക്കുക.
കാരണം നമ്മുടെ തെറ്റുമൂലം കുറ്റബോധം ഉണ്ടാകുമ്പോൾ, സാവധാനം ദുഃഖം തോന്നാൻ തുടങ്ങുന്നു. ഈ ദുഃഖം നിരന്തരമായി മനസ്സിനെ വേദനിപ്പിച്ചുകൊണ്ടിരുന്നാൽ, അത് വിഷാദമായി മാറുന്നു അല്ലെങ്കിൽ അപകർഷതാബോധമായി (ഇൻഫീരിയോരിറ്റി കോംപ്ലക്സ്) മാറുന്നു. ഇത് കൂടുതൽ തെറ്റാണ്.
ഇന്ന് നിങ്ങൾ തന്നെ പലാശ വൃക്ഷത്തിന്റെ ഇലകൾ ശേഖരിക്കുക, നിങ്ങൾ തന്നെ പത്രവളിയും ദോണകളും ഉണ്ടാക്കുക, നാളെ നിങ്ങൾ തന്നെ അവയെ ഉണങ്ങാൻ വയ്ക്കുക, അപ്പോൾ നിരീക്ഷിക്കാൻ മറക്കരുത്.
ഞാൻ എന്റെ ധ്യാനത്തിനായി ധ്യാനകുടിയിലേക്ക് പോകുന്നു. നാളെ സൂര്യാസ്തമയ സമയത്ത് ഞാൻ പുറത്തുവരും. അപ്പോൾ എല്ലാ ജോലിയും പൂർത്തിയാക്കി തയ്യാറായി നിൽക്കുക”.
എല്ലാ ബ്രഹ്മർഷിമാരും വളരെ ആലോചനാപൂർവ്വം, ഉത്സാഹത്തോടെ അവരുടെ ജോലിയിൽ മുഴുകി. അത്രിമഹർഷിയുടെ ആജ്ഞയനുസരിച്ച് അവർ എല്ലാ ജോലിയും വളരെ കൃത്യമായി ചെയ്ത്, അടുത്ത ദിവസത്തെ സൂര്യാസ്തമയം വരെ നന്നായി ക്രമീകരിച്ച വെച്ചു.
ദേവർഷി നാരദൻ മാത്രം ഒരു ജോലിയും ചെയ്തില്ല. അദ്ദേഹം ഓരോ ബ്രഹ്മർഷിയുടെയും കൂടെ നടക്കുക മാത്രമാണ് ചെയ്തത്.
അത്രിമഹർഷി കൃത്യം പറഞ്ഞ സമയത്ത് തന്റെ ധ്യാനകുടിയിൽ നിന്ന് പുറത്തുവന്നു. അദ്ദേഹം ആ ബ്രഹ്മർഷിമാരെയെല്ലാം ചോദ്യഭാവത്തോടെ നോക്കി. അതോടെ ഓരോ ബ്രഹ്മർഷിയും മുന്നോട്ട് വന്ന് തങ്ങളുടെ ജോലി കാണിച്ചു.
എല്ലാവരുടെയും ജോലി വളരെ ഭംഗിയായി ചെയ്തിരുന്നു. ഉണങ്ങുന്ന ഇലകളെ വർഗ്ഗീകരിക്കാനും അവർക്ക് നന്നായി കഴിഞ്ഞു.
എങ്കിലും അത്രിമഹർഷിയുടെ മുഖത്ത് യാതൊരു സംതൃപ്തിയും കാണാൻ കഴിഞ്ഞില്ല. ഇനി അദ്ദേഹത്തോട് ചോദ്യം ചോദിക്കാൻ ഒരു ബ്രഹ്മർഷിക്കും ധൈര്യമുണ്ടായില്ല. കാരണം, മറ്റ് ബ്രഹ്മർഷിമാരെല്ലാം സൃഷ്ടിക്കപ്പെട്ടവരായിരുന്നു, എന്നാൽ ഭഗവാൻ അത്രി സ്വയംഭൂ ആയിരുന്നു - ആദിശക്തിയുടെ പുരുഷരൂപം.
അത്രിമഹർഷി : “ഹേ സുഹൃത്തുക്കളേ! ദേവർഷി നാരദൻ മാത്രമാണ് ഏറ്റവും മികച്ച ജോലി ചെയ്തിട്ടുള്ളത്. നിങ്ങളുടെയെല്ലാം ജോലി നൂറിൽ നൂറ് ഗുണങ്ങളുടെ (മാർക്സിന്റെ) മാത്രമാണ്, 108 ഗുണങ്ങളുടെ ആയില്ല”.
ഇപ്പോൾ എല്ലാ ബ്രഹ്മർഷിമാരും കൂടുതൽ ആശയക്കുഴപ്പത്തിലായി. 'ദേവർഷി നാരദൻ ഒരു പലാശ ഇല പോലും ശേഖരിച്ചിട്ടില്ല, ഒരു ദോണയോ, പത്രവളിയോ ഉണ്ടാക്കിയിട്ടില്ല.പിന്നെ ഇത് എങ്ങനെ സംഭവിച്ചു?' ഈ ചിന്ത അവരിലോരോരുത്തരുടെയും മനസ്സിൽ വരുന്നുണ്ടായിരുന്നു.
എന്നാൽ അവർ ഓരോരുത്തർക്കും ഒരു കാര്യത്തിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നു, അത് ഭഗവാൻ അത്രി ഒരിക്കലും അസത്യം പറയില്ല, പക്ഷപാതം കാണിക്കില്ല, അല്ലെങ്കിൽ തങ്ങളെ പരീക്ഷിക്കാൻ യാഥാർത്ഥ്യത്തെ മാറ്റിപ്പറയില്ല.
അപ്പോഴാണ് എല്ലാ ബ്രഹ്മർഷിമാരും തങ്ങളുടെ പ്രധാന ഋഷി ശിഷ്യന്മാർ ആശ്രമത്തിന് പുറത്ത് വന്നിട്ടുണ്ടെന്ന് മനസ്സിലാക്കിയത് - അവരിൽ ചിലർ മഹർഷിമാരാണ്, ചിലർ തപസ്വികളായ ഋഷിമാരാണ്, ചിലർ പുതിയ ഋഷിമാരാണ്, ചിലർ ഋഷികുമാരന്മാരുമാണ്.
ഇപ്പോൾ അത്രിമഹർഷി അവരോടെല്ലാം വീണ്ടും രണ്ട് ദിവസം ഇതേ ജോലി അവരുടെ ശിഷ്യന്മാരെക്കൊണ്ട് ചെയ്യിക്കാൻ ആജ്ഞാപിച്ചു, എന്നിട്ട് പറഞ്ഞു, “ഈ തവണ നിങ്ങൾ നിങ്ങളുടെ ഓരോ ശിഷ്യനും അവന്റെ ജോലി അനുസരിച്ച് മാർക്കുകൾ നൽകണം, നിങ്ങൾക്ക് ഞാൻ നൽകും”.
എല്ലാ ബ്രഹ്മർഷിമാരും തങ്ങളുടെ ശിഷ്യന്മാർക്ക് അത്രിമഹർഷിയുടെ ആജ്ഞ വിവരിച്ചു കൊടുത്തു, അവർ ഓരോ ശിഷ്യന്റെയും ജോലി സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി.
രണ്ട് ദിവസങ്ങൾക്ക് ശേഷം, അത്രിമഹർഷി അതേ സമയത്ത് വീണ്ടും പുറത്തുവന്നു. അതോടെ ഓരോ ബ്രഹ്മർഷിയും തങ്ങളുടെ ശിഷ്യൻ ചെയ്ത ജോലി അത്രിമഹർഷിക്ക് കാണിച്ചുകൊടുത്തു, ഒപ്പം ഓരോരുത്തർക്കും നൂറിൽ ലഭിച്ച മാർക്കുകളും പറഞ്ഞു.
ഇതിനുശേഷം ഭഗവാൻ അത്രി ബ്രഹ്മർഷിമാരുടെ എല്ലാ ശിഷ്യന്മാരെയും അവരുടെ താമസ സ്ഥലങ്ങളിലേക്ക് പോകാൻ പറഞ്ഞു.
ആ മഹർഷിമാരും ഋഷിമാരും അവിടെ നിന്ന് പോയ ശേഷം, എല്ലാ ബ്രഹ്മർഷിമാരും, അത്യധിക ബാലിശതയോടെ, അത്രിമഹർഷിയെ വളരെ ആകാംഷയോടും, ജിജ്ഞാസയോടും കൂടി നോക്കി.
അത്രിമഹർഷി അവരെല്ലാവരെയും ധാരാളം അനുഗ്രഹിച്ച ശേഷം സംസാരിക്കാൻ തുടങ്ങി, “പ്രിയപ്പെട്ടവരെ! നിങ്ങളുടെ 'മഹർഷി' ശിഷ്യന്മാർക്ക് പോലും നൂറിൽ നൂറ് മാർക്ക് പോലും കിട്ടിയില്ല. ഇതിന് കാരണമെന്താണ്?”.
എല്ലാ ബ്രഹ്മർഷിമാരും ഒരുപാട് ആലോചിച്ചു. പക്ഷേ അവർക്ക് ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല, ഉത്തരം കണ്ടെത്താൻ അവരുടെ പക്കലുള്ള സിദ്ധികൾ അത്രി ആശ്രമത്തിൽ ഉപയോഗിക്കാൻ അവർക്ക് കഴിഞ്ഞില്ല.
അതുകൊണ്ട്, അവരെല്ലാവരും വളരെ വിനയത്തോടെ പ്രണമിച്ച് ഭഗവാൻ അത്രിയോട് പറഞ്ഞു, “ഇതിന് പിന്നിലുള്ള കാരണം ഞങ്ങൾക്ക് മനസ്സിലാകുന്നില്ല.
ഞങ്ങൾക്ക് തന്നെ 100-ൽ 108 മാർക്ക് നേടാൻ കഴിഞ്ഞില്ല. ഞങ്ങളുടെ ശിഷ്യന്മാർക്ക് 100 മാർക്ക് പോലും നേടാൻ കഴിഞ്ഞില്ല. ഞങ്ങളുടെ ബുദ്ധി മന്ദീഭവിച്ചിരിക്കുന്നു.
ഹേ ദേവർഷി നാരദാ! നിനക്ക് മാത്രമാണ് 100-ൽ 108 മാർക്ക് ലഭിച്ചത്. നീ ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാലും”.
ദേവർഷി നാരദൻ വ്യക്തമായ വാക്കുകളിൽ പറഞ്ഞു, “ഭഗവാൻ അത്രിയുടെ വാക്കുകൾ ലംഘിക്കുക, എനിക്കും സാധ്യമല്ല. ഭഗവാൻ അത്രിയുടെ കരുണയിലും, അനുഗ്രഹത്തിലും എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. അതിനാൽ, എന്ത് ചെയ്യണമെന്ന് അദ്ദേഹം തന്നെ തീരുമാനിക്കും”.
ഭഗവാൻ അത്രി ഉടൻ തന്നെ ആദിമാത അനസൂയയെ സ്മരിച്ചു. നിമിഷനേരം കൊണ്ട് അത്രിമഹർഷിയുടെ അരികിൽ ആദിമാത അനസൂയ പ്രത്യക്ഷപ്പെട്ടു.
വാത്സല്യനിധിയായ ആദിമാതയെ കണ്ടപ്പോൾ ആ ബ്രഹ്മർഷിമാരെല്ലാം കരയാൻ തുടങ്ങി. ആദിമാതയാണല്ലോ! അവരുടെ ഹൃദയം അലിവുകൊണ്ട് നിറഞ്ഞു. അവർ ഉടൻ തന്നെ ശ്രീവിദ്യാപുത്രൻ ത്രിവിക്രമനെ അവിടേക്ക് വിളിച്ചു.
ബാപു തുടർന്ന് തുളസീപത്രം -1378-ൽ എഴുതുന്നു,
ആദിമാത അനസൂയയുടെ ആജ്ഞയനുസരിച്ച് ഭഗവാൻ ത്രിവിക്രമൻ ആ ആശ്രമത്തിൽ വന്ന് ആ ബ്രഹ്മർഷിമാരുമായി സംസാരിക്കാൻ തുടങ്ങി, “ഹേ സുഹൃത്തുക്കളേ! നിങ്ങൾ എല്ലാ ബ്രഹ്മർഷിമാരും എനിക്ക് വളരെ അടുത്തവരാണ്. നിങ്ങളിൽ ഓരോരുത്തരുടെയും കഴിവ്, കാര്യക്ഷമത, അറിവ് എന്നിവ അതിരില്ലാത്തതാണ്.
എന്നാൽ ഈ നിമിഷം നിങ്ങൾ എല്ലാവരും 'നമ്മൾ എവിടെയോ കുറഞ്ഞുപോയി' എന്ന വികാരത്തിൽ കുടുങ്ങിയിരിക്കുകയാണ്.
ഭഗവാൻ അത്രിയോട് ചോദിക്കാൻ നിങ്ങൾ ഇവിടെ വന്ന ചോദ്യം - 'ഈ കല്പത്തിൽ, സത്യയുഗത്തിന്റെ ആദ്യ ഘട്ടത്തിന് ശേഷം, മനുഷ്യസമൂഹം കഴിവില്ലാത്തവരും, ദുർബലരുമായിക്കൊണ്ടിരിക്കുകയാണെങ്കിൽ, പിന്നെ എന്ത് സംഭവിക്കും?'. ഈ ചോദ്യത്തിന് ഉത്തരം നൽകാൻ വേണ്ടിയാണ് ഭഗവാൻ അത്രി ഈ ലീലകളെല്ലാം നടത്തിയത്.
നിങ്ങൾ മാത്രമല്ല, ഞാനും, ജ്യേഷ്ഠ സഹോദരനായ ഹനുമാനും, ശ്രീദത്താത്രേയനും, അത്രി-അനസൂയയുടെ മുൻപിൽ കുട്ടിക്കാലത്തെ ഭാവത്തിലാണ് നിൽക്കുന്നത്.
നിങ്ങൾ എല്ലാവരും ഈ കാര്യമാണ് മറക്കുന്നത്, അതുകൊണ്ടാണ് നിങ്ങൾക്ക് കുറഞ്ഞ മാർക്കുകൾ ലഭിച്ചതുകൊണ്ട് ലജ്ജിച്ചത്. അങ്ങനെ സംഭവിക്കാൻ ഒരു കാരണവുമില്ല. കാരണം, ബ്രഹ്മർഷി അഗസ്ത്യൻ വേറെയും, അത്രി-അനസൂയയുടെ മുൻപിൽ നിൽക്കുന്ന ബാലഭാവത്തിലുള്ള അഗസ്ത്യൻ, വേറെയുമാണ്.
നോക്കൂ! ഇവിടെ നടന്ന എല്ലാ പ്രവൃത്തികളെയും ശ്രദ്ധയോടെ കാണൂ! നിങ്ങൾ ചെയ്ത ആദ്യത്തെ തെറ്റ് എന്തെന്നാൽ - നിങ്ങൾ അത്രിമഹർഷിയുടെ ആജ്ഞ അനുസരിച്ച് പത്രവളിയും, ദോണകളും ഉണ്ടാക്കി. എന്നാൽ ഭഗവാൻ അത്രി, സ്വയം ദോണകൾ ഉണ്ടാക്കുമ്പോൾ, നിങ്ങൾ അദ്ദേഹത്തിന്റെ പ്രവൃത്തിയെ ശ്രദ്ധയോടെ നിരീക്ഷിച്ചില്ല. അതിനാൽ, അത്രിമഹർഷി സ്വയം ഉണ്ടാക്കിയ വസ്തുക്കളെ എങ്ങനെയാണ് വർഗ്ഗീകരിച്ചത് എന്ന് നിങ്ങളുടെ ശ്രദ്ധയിൽ വന്നില്ല.
സത്യയുഗത്തിലെ മനുഷ്യനും ഇതേ തെറ്റാണ് ചെയ്യുന്നത്. അവൻ അറിവ് നേടുന്നു, ജോലിയും ചെയ്യുന്നു. എന്നാൽ ഈ കല്പത്തിലെ മനുഷ്യന് നിരീക്ഷണ ശക്തി ഉപയോഗിക്കാൻ കഴിയുന്നില്ല.
ഇതാണ് ഭഗവാൻ അത്രി നിങ്ങൾക്ക് കാണിച്ചു തന്നത്.
നിങ്ങളുടെ ചോദ്യത്തിന് പകുതി ഉത്തരം കിട്ടിയല്ലോ?”.
സന്തോഷിച്ച എല്ലാ ബ്രഹ്മർഷിമാരും ഉടൻ തന്നെ 'സാധു സാധു' എന്ന് പറഞ്ഞ് ഭഗവാൻ ത്രിവിക്രമന്റെ വാക്കിനെ അംഗീകരിച്ചു.
ഇപ്പോൾ ഭഗവാൻ ത്രിവിക്രമൻ തുടർന്ന് സംസാരിക്കാൻ തുടങ്ങി, “പ്രിയ ബ്രഹ്മർഷിഗണങ്ങളേ! ഇനി ചോദ്യത്തിന്റെ ഉത്തരത്തിന്റെ ഉത്തരാർദ്ധത്തെക്കുറിച്ച്."
നിങ്ങൾ ചെയ്ത തെറ്റ് ഈ മഹർഷിമാരും ചെയ്തു.
കാരണം നിങ്ങൾ എല്ലാവരും മഹർഷിമാരുടെയും, ഋഷിമാരുടെയും അധ്യാപക-ഗുരുക്കന്മാരാണ്. നിങ്ങൾക്ക് ലഭിച്ച അനുഭവം നിങ്ങളുടെ ശിഷ്യന്മാരോട് ആജ്ഞാപിക്കുമ്പോൾ, അവരുടെ മുൻപിൽ തുറന്നുപറഞ്ഞില്ല.
ഒരു അധ്യാപകൻ തന്റെ വിദ്യാർത്ഥി ജീവിതത്തിൽ ചെയ്ത തെറ്റുകളിൽ നിന്നാണ് സാവധാനം വളരുന്നത്. ആ അനുഭവങ്ങൾ തന്റെ വിദ്യാർത്ഥികളോട് പറഞ്ഞുകൊടുത്ത് അവരുടെ വളർച്ച എളുപ്പമാക്കണം.
അതും ഇവിടെ സംഭവിച്ചില്ല, അതുകൊണ്ടാണ് നിങ്ങളുടെ ഈ നല്ല വിദ്യാർത്ഥികൾക്ക് പോലും വളരെ കുറഞ്ഞ മാർക്കുകൾ ലഭിച്ചത്.
ഈ ഭൂമിയിലെ ഈ കല്പത്തിൽ ഇപ്പോൾ ഇതാണ് സംഭവിക്കുന്നത്. നിങ്ങളുടെ ശിഷ്യന്മാരെ, അതായത് മഹർഷിമാരെയും, ഋഷിമാരെയും തയ്യാറാക്കുന്നതിൽ നിങ്ങൾക്ക് എവിടെയും തെറ്റുപറ്റിയിട്ടില്ല. അവരും പല അധ്യാപകരെയും നന്നായി തയ്യാറാക്കുന്നുണ്ട്.
എന്നാൽ ഈ ഋഷിമാരല്ലാത്ത അധ്യാപകർ, തങ്ങളുടെ തെറ്റുകളിൽ നിന്ന് പഠിച്ച കാര്യങ്ങൾ തങ്ങളുടെ വിദ്യാർത്ഥികളുടെ മുൻപിൽ വെളിപ്പെടുത്തുന്നില്ല. പ്രധാനമായി, നിരീക്ഷണം, അതിനുശേഷം പ്രവർത്തി എന്ന ക്രമം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നില്ല. അതുകൊണ്ടാണ് ഈ കല്പത്തിൽ മനുഷ്യന്റെ കാര്യക്ഷമത വളരെ വേഗത്തിൽ കുറഞ്ഞുകൊണ്ടിരിക്കുന്നത്”.
ആവേശഭരിതരായ ബ്രഹ്മർഷിമാരെല്ലാം ആദ്യം അത്രി-അനസൂയയുടെ പാദങ്ങൾ തൊട്ടു, പിന്നീട് ത്രിവിക്രമനെ വന്ദിച്ചു.
എന്നാൽ ബ്രഹ്മർഷി യാജ്ഞവൽക്യക്ക് എന്തോ ഓർമ്മ വന്നതുപോലെ ചിന്തയിൽ മുഴുകി. അത് മനസ്സിലാക്കി ത്രിവിക്രമൻ അദ്ദേഹത്തോട് നേരിട്ട് ചോദിച്ചു, “ഹേ ബ്രഹ്മർഷി യാജ്ഞവൽക്യ! താങ്കൾ ഏറ്റവും മികച്ച അധ്യാപകനാണ്. എന്തുകൊണ്ടാണ് താങ്കൾ ചിന്തയിലായിരിക്കുന്നത്? താങ്കളുടെ മനസ്സിൽ എന്തെങ്കിലും ചോദ്യമുണ്ടോ? താങ്കൾക്ക് എന്നോട് ഏത് ചോദ്യവും ചോദിക്കാം”.
ബ്രഹ്മർഷി യാജ്ഞവൽക്യൻ പറഞ്ഞു, “ഹേ ത്രിവിക്രമാ! പക്ഷേ ഞങ്ങളുടെ ചോദ്യത്തിന് ഒരു അപവാദം ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്. ബ്രഹ്മർഷി ധൗമ്യയുടെ ആശ്രമത്തിൽ എല്ലാം നല്ല രീതിയിൽ നടക്കുന്നുണ്ട്, അവിടെ എല്ലാവരും, വ്യവസ്ഥിതമായി നിരീക്ഷിച്ചുകൊണ്ട് വളരെ മനോഹരമായ പ്രവൃത്തികൾ ചെയ്യുന്നു. അതിന്റെ കാരണം മനസ്സിലാകുന്നില്ല, ഇതിന് കാരണമെന്താണ് ?”.
ധൗമ്യഋഷിയും യാജ്ഞവൽക്യനോട് യോജിച്ചു. “അതെ! പക്ഷേ എനിക്കും അതിന്റെ കാരണം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല”.
ഭഗവാൻ ത്രിവിക്രമൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു, “ആദിമാത ഏതൊരു ചോദ്യം ഉണ്ടാകുന്നതിന് മുൻപ് തന്നെ, അതിനുള്ള ഉത്തരം തയ്യാറാക്കി വച്ചിരിക്കും.
ബ്രഹ്മർഷി ധൗമ്യ ,100 വർഷം രാജ്യസഞ്ചാരത്തിന് പോയപ്പോൾ, അദ്ദേഹത്തിന്റെ ആശ്രമത്തിന്റെ ചുമതല അദ്ദേഹത്തിന്റെ മൂത്ത മകൻ മഹർഷി മന്ദാരനും, ഭാര്യ രാജയോഗിനി ശമിയും നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
നിങ്ങൾക്ക് വന്ന ചോദ്യം അവർക്ക് 99 വർഷം മുൻപ് തന്നെ വന്നു. അതിനുവേണ്ടി അവർ ഒരുപാട് ഗവേഷണങ്ങൾ നടത്തി. പക്ഷേ, ഒരു വിധത്തിലും അവർക്ക് ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല. അതേ സമയം, അസുരന്മാരുടെ ഗുരുകുലത്തിൽ അവരുടെ അസുര ജോലികൾ കൃത്യമായി നടക്കുന്നുണ്ടെന്ന് അവർക്ക് മനസ്സിലായി.
ഇരുവരും ആദിമാതയുടെ പാദങ്ങളിൽ തങ്ങളുടെ തപസ്സും, പരിശുദ്ധിയും സംരക്ഷിച്ചു വെച്ചു. അവർ ദേവർഷി നാരദന്റെ കൂടെ താമ്രതാമസ് വനത്തിലേക്ക് പോയി. ഏതാനും ദിവസങ്ങൾക്കുള്ളിൽ അവർക്ക് അറിവ് നേടുന്നതിലെയും ,ജോലി ചെയ്യുന്നതിലെയും, നിരീക്ഷണ ശക്തിയുടെയും, അധ്യാപകർ തങ്ങളുടെ പഴയകാല തെറ്റുകൾ കഥാരൂപത്തിൽ വിദ്യാർത്ഥികളോട് പറയുന്നതിന്റെയും, പ്രാധാന്യം മനസ്സിലായി. അവർ ഉടൻ തന്നെ അവരുടെ ആശ്രമത്തിലേക്ക് മടങ്ങി.
ആദിമാതയിൽ നിന്ന് തങ്ങളുടെ പരിശുദ്ധിയും, തപസ്സും തിരികെ ലഭിച്ച ഉടൻ തന്നെ അവർ നിരീക്ഷണ ശക്തിയെക്കുറിച്ചും, തെറ്റുകൾ കഥാരൂപത്തിൽ വിദ്യാർത്ഥികളുടെ മുൻപിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ചും പഠിക്കാൻ തുടങ്ങി. ഒരു ദിവസം ഇങ്ങനെ ചിന്തിച്ചുകൊണ്ട് അവർ ധ്യാനത്തിൽ മുഴുകി. ആ ധ്യാനത്തിൽ അവർക്ക് താമ്രതാമസിലെ വിദ്യാലയങ്ങൾ കാണാൻ കഴിഞ്ഞു. അറിയാതെ തങ്ങൾ അസുരന്മാരെ അനുകരിച്ചുവെന്ന് അവർക്ക് മനസ്സിലായി - നല്ല കാര്യത്തിനാണെങ്കിലും അസുരന്മാരെ അനുകരിക്കുന്നത് മോശം കാര്യമാണ്.
അതുകൊണ്ട്, അവർ രണ്ടുപേരും പ്രായശ്ചിത്തമായി തങ്ങളുടെ എല്ലാ സാധനകളും, ഉപാസനകളും, തപസ്സും, പരിശുദ്ധിയും ദേവർഷി നാരദന് ദാനമായി നൽകി.
അവരുടെ ഈ സാത്വികമായ പെരുമാറ്റത്തിൽ ആദിമാത വളരെ സന്തുഷ്ടയായി, അവരോട് വരം ചോദിക്കാൻ പറഞ്ഞു. അവർ രണ്ടുപേരും എന്നെ അവരുടെ ആരാധ്യദൈവമായി കണക്കാക്കിയതുകൊണ്ട്, അവർ രണ്ടുപേരും എന്നോട് തന്നെ വഴി ചോദിച്ചു. അവർക്കുവേണ്ടി ആദിമാതയോട് വരം ചോദിക്കാൻ, എന്നോട് തന്നെ പറഞ്ഞു.
അങ്ങനെ എന്നെ വിഷമത്തിലാക്കി. ഞാൻ അവർക്ക് ശരിയായ വരം ചോദിക്കാനുള്ള ബുദ്ധി നൽകിയപ്പോൾ, അവർ രണ്ടുപേരും ആദിമാതയോട് ചോദിച്ചു, “ഹേ ആദിമാതേ! അസുരന്മാരെ അനുകരിക്കാതെ, ശരിയായ നിരീക്ഷണ ശക്തിയുടെയും, ശരിയായ അധ്യാപന രീതിയുടെയും മൂലസ്ഥാനം എവിടെ നിന്ന് വരുന്നു, അത് എങ്ങനെ നേടാം, അത് ഞങ്ങൾക്ക് പറഞ്ഞുതരുമോ? ഈ വരം ഞങ്ങൾ ആഗ്രഹിക്കുന്നു.
അതുമാത്രമല്ല, അസുരന്മാരുടെ ഭൂമിയിൽ പോലും പവിത്രമായ ഭക്തർക്ക് നന്നായി നിരീക്ഷിച്ചുകൊണ്ട് ജോലി ചെയ്യാൻ കഴിയുന്നതിന്റെ ഉറവിടവും ഞങ്ങൾക്ക് പറഞ്ഞുതരൂ”.
അതിനോടൊപ്പം ആദിമാത അവർക്ക് 'അങ്ങനെയാകട്ടെ' എന്ന് വരം നൽകി. അവർക്ക് മാർഗ്ഗദർശനം നൽകാൻ എന്നോട് പറഞ്ഞു.
ഞാൻ അവരെ രണ്ടുപേരെയും കൂട്ടി ഈ നൈമിഷാരണ്യത്തിലേക്ക് വന്നു, അവർക്ക് ഏറ്റവും മികച്ച ധ്യാനം പഠിപ്പിച്ചു. ആ ധ്യാനത്തിലൂടെ ബുദ്ധിക്കപ്പുറമുള്ള അറിവിന്റെ, അസുരശക്തികൾക്ക് അതീതമായ സത്വത്തിന്റെ ഉറവിടം, ഞാൻ അവർക്ക് കാണിച്ചുകൊടുത്തു.
ആ ഉറവിടം മറ്റാരുമല്ല, ഓരോരുത്തരുടെയും മൂലാധാര ചക്രത്തിന്റെ അധിപനായ ഭഗവാൻ ശ്രീമൂലാർക്ക ഗണപതിയാണ്.
തങ്ങളുടെ സ്വന്തം മൂലാധാര ചക്രത്തിലും, അതോടൊപ്പം ഭൂമിയുടെ മൂലാധാര ചക്രത്തിലും, ശ്രീമൂലാർക്ക ഗണപതിയെ കണ്ടപ്പോൾ, അവർ രണ്ടുപേരുടെയും പൂർണ്ണമായി സമർപ്പിക്കാനുള്ള ആഗ്രഹം വളരെ ശക്തമായി വളർന്നു, അത് ഉച്ചകോടിയിലെത്തി.
അവരുടെ ഈ ഏറ്റവും ഉയർന്ന, ഏറ്റവും മികച്ച ആഗ്രഹം ആദിമാതക്ക് വളരെ ഇഷ്ടമായി, ശ്രീഗണപതിക്ക് ഏറ്റവും പ്രിയപ്പെട്ടതായി മാറി.
അതിനുശേഷം മഹർഷി മന്ദാരത്തിൽ നിന്ന് ഒരു വൃക്ഷം ഉണ്ടായി ,രാജയോഗിനി ശമിയിൽ നിന്ന് ഒരു ചെറിയ ചെടി ഉണ്ടായി.
അതായത് മന്ദാര വൃക്ഷവും ,ശമീ സസ്യവും ആദ്യമായി ഉണ്ടായത്.
അതോടൊപ്പം ആദിമാത ഒരു വരം നൽകി, ആരെങ്കിലും ശ്രീഗണപതിയുടെ ഏതെങ്കിലും പ്രതിമയെ, പ്രത്യേകിച്ച് മൂലാർക്ക ഗണപതിയെ, മന്ദാര വൃക്ഷത്തിന് താഴെയും ,ശമി ഇലകൾ കൊണ്ടും പൂജിച്ചാൽ, അവർക്ക് ബുദ്ധിക്കപ്പുറമുള്ള ഈ നിരീക്ഷണ ശക്തിയും, അസുര സാഹചര്യങ്ങളിൽ പോലും കഷ്ടപ്പാടുകളിൽ നിന്ന് മുക്തമായിരിക്കാനുള്ള ശക്തിയും, അതായത് ദൈവിക പ്രജ്ഞ (ദൈവിക പ്രതിഭ) ലഭിക്കും.
ഇപ്രകാരം ഈ നൈമിഷാരണ്യത്തിൽ, ലോകത്തിലെ ആദ്യത്തെ മന്ദാര വൃക്ഷവും, ആദ്യത്തെ ശമീ സസ്യവും ഉണ്ടായി.
ഒരു നിമിഷത്തിൽ (കണ്ണിമ വെട്ടുന്ന സമയം) മന്ദാര വൃക്ഷം പൂവിട്ടതുകൊണ്ട്, ഞാൻ അതിന് 'നിമിഷവൃക്ഷം' എന്ന് പേര് നൽകി. അടുത്തിടെ നടന്ന ത്രിപുരാസുര യുദ്ധസമയത്ത്, ശിവപുത്രന്മാരുടെ അമ്പുകൾ, ശമിയുടെ നീരിൽ മുക്കിയ മന്ദാര വൃക്ഷത്തിന്റെ വിറകുകൾ കൊണ്ട്, ഞാൻ തന്നെയാണ് ഉണ്ടാക്കിയത്.
അതുകൊണ്ടാണ്, ശിവപുത്രന്മാരുടെ കുന്തങ്ങളും, അമ്പുകളും താമ്രതാമസ് വനത്തിന്റെ ഭൂമിയിൽ കുത്തിവെച്ചപ്പോൾ, ഭക്തരെ രക്ഷിക്കാൻ വേണ്ടി അവിടെ പല സ്ഥലങ്ങളിലും മന്ദാര വൃക്ഷവും, ശമിയും ഉണ്ടായത്.
ഈ കഥ കേട്ടപ്പോൾ എല്ലാ ബ്രഹ്മർഷിമാരും വളരെ സന്തോഷത്തോടെ ധൗമ്യഋഷിയെ അഭിനന്ദിക്കാൻ തുടങ്ങി.
അപ്പോൾ തന്നെ അവർക്കെല്ലാം തങ്ങളുടെ മുന്നിൽ മന്ദാരവും, ശമിയും ഉണ്ടെന്ന് മനസ്സിലായി. എല്ലാ ബ്രഹ്മർഷിമാരും വളരെ സ്നേഹത്തോടെയും, വാത്സല്യത്തോടെയും, ആദരവോടെയും മന്ദാര വൃക്ഷത്തെ കെട്ടിപ്പിടിച്ചു.
അതോടൊപ്പം, ത്രിവിക്രമൻ, ആ ബ്രഹ്മർഷിമാരുടെയെല്ലാം സാധാരണ ഭക്തരോടുള്ള കാരുണ്യം, വെള്ളമായി ആ മന്ദാര വൃക്ഷത്തിന്റെ വേരുകൾക്ക് സമർപ്പിച്ചു. ആ മന്ദാര വൃക്ഷത്തിന്റെ വേരിൽ നിന്ന് ഈ ലോകത്തിലെ മൂലാർക്ക ഗണപതിയുടെ ആദ്യ സ്വയംഭൂ മൂർത്തി, ഭഗവാൻ ത്രിവിക്രമിന്റെ കൈകളിൽ വന്നു.
ബ്രഹ്മവാദിനി ലോപാമുദ്ര കൈലാസത്തിലുള്ള എല്ലാവരോടും തുടർന്നു പറഞ്ഞു, “അതാണ് ആ നിമിഷം, ത്രിവിക്രമൻ സ്വയംഭൂ മൂലാർക്ക ഗണപതിയുടെ മൂർത്തിയെ നൈമിഷാരണ്യത്തിൽ അത്രിമഹർഷിയുടെ ആശ്രമത്തിന് മുന്നിൽ സ്ഥാപിച്ചത്.
എന്തിനുവേണ്ടി?
മൂലാർക്ക ഗണപതിയുടെ മന്ത്രം ജപിക്കുന്നതിലൂടെ, മനുഷ്യന്റെ പ്രജ്ഞ അഥവാ ഭഗവാൻ നൽകിയ ബുദ്ധി, മനുഷ്യന്റെ മാനുഷിക ബുദ്ധിയിലും, മാനുഷിക മനസ്സിലും ആധിപത്യം സ്ഥാപിക്കുന്നു, ഭക്തനെ എല്ലാ കഷ്ടപ്പാടുകളിൽ നിന്നും, തെറ്റുകളിൽ നിന്നും വിമുക്തനാക്കുന്നു”.


Comments
Post a Comment