ശ്രീ ദത്ത കരുണാത്രിപദി - ആദ്യ വാക്യത്തിന്റെ അർത്ഥം

ശ്രീ ദത്ത കരുണാത്രിപദി - ആദ്യ വാക്യത്തിന്റെ അർത്ഥം

'കരുണാത്രിപദി'യിലെ ആദ്യ പദത്തിന്റെ അർത്ഥം

ശാന്ത ഹോ ശ്രീഗുരുദത്താ | മമ ചിത്താ ശമവീ ആതാ || ധൃ || 

ഓ ശ്രീ ഗുരുദത്താ, അങ്ങ് എപ്പോഴും ശാന്തനായിരിക്കുന്നു. അങ്ങേയ്ക്ക് ദേഷ്യം വരാൻ സാധ്യതയില്ല. എന്നാൽ, ഭക്തരുടെ നന്മയ്ക്കായി അങ്ങ് സ്വീകരിച്ചിട്ടുള്ള കോപം, എന്നിൽ ഭയം ഉണ്ടാക്കുന്നു. ഓ ശ്രീ ഗുരുരായ, എന്റെ മനസ്സിലെ ഭയം ശാന്തമാക്കൂ. ഭയം, പേടി, അസ്ഥിരത, അരക്ഷിതാവസ്ഥ  എന്നിവയാൽ ഗ്രസിക്കപ്പെട്ടിരിക്കുന്ന എന്റെ മനസ്സിനെ ശാന്തമാക്കൂ, ഇവയെല്ലാം അങ്ങു ശമിപ്പിക്കുക.

തൂ കേവള മാതാജനിതാ | സർവഥാ തൂ ഹിതകർത്താ |
തൂ ആപ്തസ്വജന ഭ്രാതാ | സർവഥാ തൂചി ത്രാതാ ||
ഭയകർത്താ തൂ ഭയഹർത്താ | ദണ്ഡധർത്താ തൂ പരിപാതാ |
തുജവാചുനി ന ദുജി വാർത്താ | തൂ ആർത്താ ആശ്രയ ദാതാ || (1)


ഓ ശ്രീ ഗുരുരായ, അങ്ങ് മാത്രമാണ് എന്റെ മാതാവും പിതാവും, അതായത് എനിക്ക് ജന്മം നൽകിയതും എന്നെ പോറ്റിവളർത്തുന്നതും അങ്ങ് തന്നെയാണ്. എല്ലാ അർത്ഥത്തിലും എനിക്ക് നന്മ ചെയ്യുന്നതും അങ്ങ് മാത്രമാണ്. അങ്ങ് എന്റെ യഥാർത്ഥ ബന്ധു, എന്റെ സ്വന്തക്കാരൻ, എന്റെ സഹോദരനും അങ്ങ് തന്നെ. എന്റെ രക്ഷകൻ അങ്ങ് മാത്രമാണ്.

ഞങ്ങളുടെ ക്ഷേമത്തിനുവേണ്ടി ചിലപ്പോൾ ഭയം ഉണ്ടാക്കുന്നതും, ഞങ്ങളെ ഭയപ്പെടുത്തുന്നതും അങ്ങ് തന്നെയാണ്, ഭയം ഇല്ലാതാക്കുന്നതും അങ്ങ് തന്നെ. അതിനുവേണ്ടിയാണ് അങ്ങ് കയ്യിൽ ദണ്ഡ് പിടിച്ചിരിക്കുന്നത്. ശിക്ഷയിൽ നിന്ന് രക്ഷിക്കുന്നതും, ക്ഷമിക്കുന്നതും അങ്ങ് തന്നെയാണ്. അങ്ങല്ലാതെ എനിക്ക് മറ്റാരും ഇല്ല, അങ്ങല്ലാതെ മറ്റൊന്നും എനിക്കറിയില്ല. എന്നെപ്പോലുള്ള ദുഃഖിതർക്കും, കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കും, ദുരിതത്തിൽ അകപ്പെട്ടവർക്കും അഭയം നൽകുന്നത് അങ്ങ് മാത്രമാണ്. ഓ ശ്രീ ഗുരുദത്താ, ഞങ്ങളെപ്പോലുള്ള ദുരിതത്തിലായ , ദുഃഖിതരുടെ , അങ്ങ് മാത്രമാണ്  ഏക ആശ്രയദാതാവ്.

അപരാധസ്തവ ഗുരുനാഥാ | ജരി ദണ്ഡാ ധരിസീ യഥാർത്ഥാ |
തരി ആംഹീ ഗാഉനി ഗാഥാ | തവ ചരണീം നമവൂ മാഥാ ||
തൂ തഥാപി ദണ്ഡിസീ ദേവാ | കോണാചാ മഗ കരു ധാവാ? |
സോഡവിതാ ദുസരാ തേംവ്വാ | കോണ ദത്താ ആംഹാ ത്രാതാ ? || (2)


ഓ ശ്രീ ഗുരുനാഥാ! ഞങ്ങളുടെ പാപങ്ങൾ, ദുഷ്കർമ്മങ്ങൾ, തെറ്റുകൾ എന്നിവയ്ക്ക് ശിക്ഷ നൽകാൻ, അതായത് ഞങ്ങളുടെ നന്മയ്ക്ക് വേണ്ടി അങ്ങ് കയ്യിൽ ദണ്ഡ് പിടിച്ചിരിക്കുന്നു. ഇത് ശരിയാണെങ്കിലും , കുറ്റവാളികളായ ഞങ്ങൾ  അങ്ങയുടെ  നാമസങ്കീർത്തനം ചെയ്തും, , അങ്ങയുടെ ചരിത്രത്തിന്റെയും, ലീലകളുടെയും ഗുണഗാനം ആലപിച്ചും, അങ്ങയുടെ ചരണങ്ങളിൽ നമിച്ചും, അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു.  

എന്നിട്ടും, ഓ ദേവാ, അങ്ങ് ഞങ്ങളെ ശിക്ഷിച്ചാൽ, അങ്ങയുടെ മക്കളായ ഞങ്ങൾ ആരുടെ സഹായം തേടും? ഓ ശ്രീ ഗുരുദത്താ! അങ്ങല്ലാതെ ഞങ്ങളെ പാപങ്ങളിൽ നിന്നും, ദുഃഖങ്ങളിൽ നിന്നും, യാതനകളിൽ നിന്നും രക്ഷിക്കുന്ന, ഞങ്ങളുടെ സംരക്ഷകൻ മറ്റാരുണ്ട് ? ആരുമില്ല.

തൂ നടസാ ഹോഉനി കോപി | ദണ്ഡിതാംഹി ആംഹീ പാപി |
പുനരപിഹി ചുകത തഥാപി | ആംഹാംവരി നച സന്താപി ||
ഗച്ഛത: സ്ഖലനം ക്വാപി | അസേ മാനുനി നച ഹോ കോപി |
നിജ കൃപാലേശാ ഓപി | ആംഹാംവരി തൂ ഭഗവന്താ || (3)


യഥാർത്ഥത്തിൽ, അങ്ങ് ഒരിക്കലും അങ്ങയുടെ മക്കളോട് ദേഷ്യപ്പെടാറില്ല. ഒരു നടനെപ്പോലെ, ഞങ്ങളുടെ നന്മയ്ക്കുവേണ്ടി അങ്ങ് ദേഷ്യപ്പെട്ടതായി അഭിനയിക്കുകയാണ്. ആ നടനെപ്പോലെ കോപം ധരിച്ച് അങ്ങ് ഞങ്ങളെപ്പോലുള്ള പാപികളായ ജീവികളെ ശിക്ഷിക്കുന്നു. എന്നിട്ടും, ഞങ്ങൾ അജ്ഞാനികൾ വീണ്ടും വീണ്ടും അതേ തെറ്റുകൾ ചെയ്യുന്നു. അതുകൊണ്ടാണ്, ഓ ശ്രീ ഗുരുദത്താ, ഞങ്ങളോട് കോപിക്കരുതെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നത്.

'ഗച്ഛത: സ്ഖലനം ക്വാപി' എന്നാൽ, വഴിയിലൂടെ നടക്കുന്ന ഒരാൾക്ക് ചിലപ്പോൾ കാൽ വഴുക്കി വീഴാൻ സാധ്യതയുണ്ട്. അതുപോലെ, ഞങ്ങൾക്കും കർമ്മങ്ങൾ ചെയ്യുമ്പോൾ തെറ്റുകൾ സംഭവിക്കാം, സംഭവിക്കുകയും ചെയ്യും. ഇത് അറിഞ്ഞുകൊണ്ട്, അങ്ങ് ഞങ്ങളോട് കോപിക്കരുത്. ഓ ഭഗവാനേ ! അങ്ങയുടെ കൃപയുടെ ഒരംശം ഞങ്ങളിൽ വർഷിക്കേണമേ, കാരണം അങ്ങയുടെ കൃപയുടെ ഒരംശം പോലും ഞങ്ങളെ ഉദ്ധരിക്കാൻ ശക്തമാണ്.

തവ പദരി അസതാ താതാ | ആഡ്മാർഗി പാഊൽ പടതാം |
സാമ്പാളുനി മാർഗാവരതാ | ആണിതാ ന ദുജാ ത്രതാ ||
നിജ ബിരുദാ ആണുനി ചിത്താ | തൂ പതീതപാവന ദത്താ |
വളേ ആതാ ആംഹാംവരതാ | കരുണാഘന തൂ ഗുരുദത്താ || (4)


ഓ ഭക്തരുടെ പിതാവായ ശ്രീ ഗുരു ദത്താത്രേയ ! അങ്ങയുടെ പാദകമലങ്ങളിൽ അഭയം തേടിയതിനു ശേഷവും, ഞങ്ങളുടെ കാൽ തെറ്റായ വഴിയിൽ പോയാൽ, അതായത് ഞങ്ങൾ തെറ്റായി പെരുമാറിയാലും, അങ്ങ് ഞങ്ങളെ സംരക്ഷിച്ച് സുരക്ഷിതമായി വീണ്ടും ശരിയായ വഴിയിലേക്ക് കൊണ്ടുവരുന്നു. ഇതുപോലെ ഞങ്ങൾക്ക് മറ്റൊരു രക്ഷകനു൦ ഇല്ല.

ഓ പതിതപാവന ശ്രീ ഗുരുദത്താ, കരുണയുടെ മേഘമേ, അങ്ങയുടെ ഈ ബഹുമതിയെ മനസ്സിൽ ധരിച്ച് ഞങ്ങളിൽ അങ്ങയുടെ കൃപയെ നിരന്തരം വർഷിക്കേണമേ.

സഹകുടുംബ സഹപരിവാര | ദാസ ആംഹീ ഹേ ഘരദാര |
തവ പദീം അർപ്പൂ അസാര | സംസാരഹിത ഹാ ഭാര |
പരിഹാരിസീ കരുണാസിംധോ | തൂ ദീനാനാഥ സുബന്ധോ |
ആംഹാ അഘലേഷ ന ബാധോ | വാസുദേവപ്രർത്ഥിത ദത്താ || (5)


ശ്രീ ഗുരു ദത്താത്രേയ, ഞങ്ങൾ കുടുംബത്തോടും, ബന്ധുക്കളോടും കൂടി അങ്ങയുടെ ദാസരാണ്. ഈ നശ്വരവും ക്ഷണികവുമായ സംസാരത്തോടുള്ള, ഈ വീടിനോടും കുടുംബത്തോടുമുള്ള ആസക്തി, ഞങ്ങളുടെ കർമ്മങ്ങൾ, അതായത് ഞങ്ങളുടെ മൊത്തത്തിലുള്ള വളർച്ചയെ തടസ്സപ്പെടുത്തുന്ന ഭാരമാണ്. അത് ഞങ്ങൾക്ക് ദോഷകരമാണ്. ഞങ്ങളുടെ ഈ ഭാരമെല്ലാം ഞങ്ങൾ അങ്ങയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു.

ഓ ഗുരു രായാ! ഓ കരുണയുടെ സാഗരമേ ! അങ്ങ് ഞങ്ങളെപ്പോലുള്ള ദീനരുടെ നാഥനാണ്, ഞങ്ങളുടെ അഭ്യുദയകാംക്ഷിയാണ്. അങ്ങ് ഞങ്ങളുടെ എല്ലാ ദുഃഖങ്ങളും-കഷ്ടങ്ങളും, ദുഷ്പ്രവൃത്തികളും, തെറ്റായ കാര്യങ്ങളും പൂർണ്ണമായി നീക്കുന്നു. ഓ ദത്താത്രേയ ! അങ്ങയുടെ സേവനത്തിൽ ഞങ്ങളുടെ പാപങ്ങളുടെ ഒരു അംശം പോലും ഞങ്ങളെ ബാധിക്കരുതേ, എന്ന് ഞാൻ വാസുദേവൻ ( പരമപൂജ്യ പരമഹംസ പരിവ്രാജകാചാര്യ ശ്രീ വാസുദേവാനന്ദ സരസ്വതി സ്വാമി ) അങ്ങയോട് പ്രാർത്ഥിക്കുന്നു, 

Comments